ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സംഭവിച്ച മംഗലാപുരം വിമാനാപകടം ആരും മറന്നിട്ടുണ്ടാവില്ല എന്നു കരുതുന്നു. അതിന്റെ പേരില്‍ വിമാനം പറത്തിയ ക്യാപ്റ്റനെ പഴി ചാരാന്‍ എളുപ്പമാണ്. സ്വന്തം നിലപാട് വിശദമാക്കാന്‍ അദ്ദേഹം ജീവിച്ചിരിപ്പില്ലല്ലോ. അല്ലെങ്കില്‍ വിമാനം വേണ്ടപോലെ പരിപാലിച്ചില്ലെന്ന് വിമാനക്കമ്പനിയേയും പഴിചാരുന്നവരുണ്ട്. റണ്‍വേയെ പറ്റി കുറ്റം പറയുന്നവര്‍ വേറെ. എന്നിരുന്നാലും കാര്യങ്ങള്‍ ഒന്നു കൂടി വിശദമായി നമുക്കൊന്നു പരിശോധിച്ചു നോക്കാം. ആരോപണ വിധേയമായ ഓരോ ഘടകങ്ങളും നമുക്കൊന്നൊന്നായി പരിശോധിക്കാം.
1) 2008 ജനുവരി 15 നാണ് പ്രസ്തുത വിമാനം എയര്‍ ഇന്ത്യ പറത്തി തുടങ്ങിയതെന്ന് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു. അപകടം നടന്നതിന്റെ ഉദ്ദേശം രണ്ട് വര്‍ഷം മുമ്പ്. കൂടാതെ എയര്‍ ട്രാഫിക്കുമായി നടന്ന ആശയവിനിമയങ്ങളിലൊന്നും തന്നെ വിമാനത്തിന്റെ പ്രതികൂലമായ പ്രവര്‍ത്തന ക്ഷമതയെ പ്രതിപാദിച്ചിട്ടുമില്ല. അതിനാല്‍ തന്നെ, അതിന്റെ സാങ്കേതിക ഘടകങ്ങള്‍ അത്യന്തം മോശമായിരുന്നുവെന്ന് പ്രതീക്ഷിക്കാവതല്ല.
2) പ്രതിദിനം 32ഓളം ആഭ്യന്തര അന്താരഷ്ട്ര വിമാനങ്ങള്‍ ആ വിമാനത്താവളത്തില്‍ വന്നും പോയും കൊണ്ടിരിക്കുന്നുണ്ട്. അതിനാല്‍ വിമാനത്താവളത്തിലെ റണ്‍വേ വിമാനങ്ങള്‍ക്കിറങ്ങാന്‍ പര്യാപ്തമായിരുന്നില്ലെന്നോ സുരക്ഷിതമായിരുന്നില്ലെന്നോ പറയാനും പറ്റില്ല. കൂടാതെ ആറ് കിലോമീറ്ററിലധികം വ്യക്തമായ കാഴ്ച ലഭിച്ചിരുന്ന സുന്ദരമായ കാലാവസ്ഥയായിരുന്നു വിമാന ഇറങ്ങുന്ന സമയം.
3) അടുത്തതായി, വിമാനം പറത്തിയ ക്യാപ്റ്റന്‍ ഗ്ലൂസിയ 10,200 മണിക്കൂറോളം വിമാനം പറത്തി പരിചയമുള്ളതും, ഇന്ത്യയിലെ സിവില്‍ ഏവിയേഷന്‍ ഡയറക്റ്ററേറ്റ് സാക്ഷ്യപ്പെടുത്തിയ ലൈസന്‍സിനുടമയും, 19ഓളം തവണ ഇതേ മംഗലാപുരം എയര്‍പോര്‍ട്ടില്‍ വിമാനം ഇറക്കിയും അവിടെനിന്ന് പറത്തിയും പരിചയമുള്ളതുമായ ആളാണ്. കൂടാതെ ജെറ്റ് എയര്‍വേയ്സിലെ പരിചയസമ്പത്തുമായി 2009 ഏപ്രിലില്‍ എയര്‍ ഇന്ത്യയിലെത്തിയ കോപൈലറ്റ് ക്യാപ്റ്റന്‍ അഹ്‌ലുവാലിയയാവട്ടെ, 3500ഓളം മണിക്കൂര്‍ വിമാനം പറത്തിയിട്ടുണ്ടെന്നു മാത്രമല്ല, 66 തവണ ഇതേ മംഗലാപുരം എയര്‍ പോര്‍ട്ടില്‍ വിമാനമിറക്കിയും പറത്തിയും പരിചയവുമുണ്ട്. ഏതെങ്കിലും തരത്തില്‍ ക്യാപ്റ്റനു തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തന്നെ കോപൈലറ്റിനു തിരുത്താവുന്നതായിരുന്നു. രണ്ടുപേര്‍ക്കും തെറ്റ് പറ്റണമെങ്കില്‍ പൊതുവായ എതോ ഒരു ഘടകത്തിലെ ഗുരുതരമായ, എന്നാല്‍ പ്രത്യക്ഷത്തില്‍ വ്യക്തമാവാത്ത, എന്തോ തകരാറായിരിക്കും കാരണം എന്ന് അനുമാനിക്കാവുന്നതാണ്. എന്നാല്‍ എയര്‍ ട്രാഫിക്ക് കണ്ട്രോളിന് കമാണ്ടറില്‍ നിന്നും വിമാനത്തിലെ ഏതെങ്കിലും സംവിധാനം പ്രവര്‍ത്തനക്ഷമമല്ല എന്ന റിപ്പോര്‍ട്ടൊന്നും കിട്ടിയിട്ടില്ല താനും. ഇക്കാര്യം പ്രസ്തുത അനുമാനത്തെ ഒന്നു കൂടി ഉറപ്പിക്കുന്നു.
4) എണ്ണായിരത്തഞ്ഞൂറ് അടി നീളമുള്ള റണ്‍വേയുടെ ആദ്യ ആയിരം അടിക്കുള്ളിലായി വിമാനം നിലം തൊടേണ്ടതാണ്. വിമാനം നിലത്ത് തൊട്ടതാവട്ടെ ഏഴായിരം അടി കഴിഞ്ഞും! വെറും ആയിരത്തഞ്ഞൂറോളം അടി മാത്രമേ ഓടാന്‍ കിട്ടിയുള്ളൂ. ഇതൊട്ടം ഒരു സുരക്ഷിത ലാന്റിങ്ങിന് പര്യാപ്തമല്ല. പരിചയസമ്പന്നരായ പൈലറ്റുമാര്‍ക്ക് ഇത്രയും ഗുരുതരമായ ഒരു വീഴ്ച അറിഞ്ഞുകൊണ്ട് സംഭവിക്കാനിടയില്ല.
പിന്നെ എന്തായിരിക്കും കാരണം? വിമാനം നിലം തൊടേണ്ട സമയത്ത് തൊട്ടില്ല എന്നത് വിമാനം എത്ര ഉയരത്തിലാണ് ഉള്ളത് എന്ന് പൈലറ്റിനെ വിവരമറിയിക്കുന്ന സംവിധാനം ശരിയായ വിവരമല്ല നല്‍കിയത് എന്ന ഊഹത്തിലേക്കാണ് നയിക്കുന്നത്. വിമാനത്തിന്റെ ഗതിയും ഉയരവും ദിശയും വേഗതയും അടക്കമുള്ള വിവരങ്ങള്‍ പൈലറ്റിനെ അറിയിക്കുന്ന ഫ്ലൈറ്റ് നാവിഗേഷന്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തന ക്ഷമതയെ ബാധിക്കുന്ന എന്തോ ഒന്ന് ലാന്റിങ്ങ് സമയത്ത് സംഭവിച്ചു എന്നതിലേക്കാണിതില്‍ വിരല്‍ ചൂണ്ടുന്നത്. ചൂണ്ടപ്പെടുന്നതാവട്ടെ, രംഗബോധമില്ലാത്ത, തനി വങ്കത്തം കൈമുതലുള്ള, ജാഡ കാണിക്കാന്‍ കിട്ടുന്ന അവസരമെല്ലാം ഉപയോഗിക്കുന്ന, പടു വിഡ്ഢിയായ, ഏതോ തോന്ന്യാസി മലയാളിയുടെ കൈയ്യിലേക്കും - അവന്റെ ആ കയ്യിലാവട്ടെ, സ്വിച്ചോണ്‍ ചെയ്യപ്പെട്ട് സിഗ്നല്‍ തപ്പുന്ന ഒരു മൊബൈലും!!! വിമാനത്തിന്റെ നാവിഗേഷന്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന മൊബൈല്‍ എന്ന കുന്ത്രാണ്ടം ഓഫാക്കാന്‍ വിമാനം കയറിയതുമുതല്‍ അഭ്യര്‍ത്ഥിക്കുന്ന വിമന ജീവനക്കാരെ അവഗണിച്ച് തന്റേയും കൂടെയുള്ളവരുടേയും ജീവന്‍ കാറ്റില്‍ പറത്താന്‍ തയ്യാറായ ഏതോ ഒരു യാത്രക്കാരന്‍ പറ്റിച്ച ഈ പറഞ്ഞ പണിയാവാം നൂറ്റമ്പതില്‍ ചില്ല്വാനം ആള്‍ക്കാരുടെ ജീവനെടുത്തത്!
അതിനാല്‍ പ്രിയമുള്ള സഹയാത്രികരേ, ആരെങ്കിലും വിമാനത്തിനകത്ത് വെച്ച് മൊബൈല്‍ ഓണാക്കിക്കണ്ടാല്‍ ഒന്നവരെ താക്കീത് ചെയ്യാന്‍ ശ്രമിക്കുക. ഓര്‍മ്മിക്കുക - നിങ്ങളെ കാത്ത് വീട്ടിലും എയര്‍പോര്‍ട്ടിലും വേണ്ടപ്പെട്ടവര്‍ പ്രതീക്ഷയോടെ ഇരിക്കുന്നുണ്ട്. അവരുമായി
സന്തോഷത്തില്‍ കൂടിച്ചേരാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
നിങ്ങള്‍ ആലോച്ചിടുണ്ടോ ഇങ്ങനെ ഒരു കാര്യം?
Posted by
Rakesh
at
Monday, July 26, 2010
Labels: Kerala Buzz
0 comments:
Post a Comment